Sunday, September 12, 2010

പോലീസും ജോത്സ്യനും നിയമ വ്യവസ്ഥയും

ഹൈസ്കൂളിൽ ഒരു കഥ പഠിച്ചിരുന്നു. ഒരു ബ്രിട്ടൺ പശ്ചാത്തലത്തിലുള്ള ഒരു ഭാവി പറച്ചിലുകാരിയുടെ കഥ. അവർക്കെതിരെ ഒരാ‍ൾ കോടതിയിൽ കയറുന്നു. കാർഡ് നോക്കിയുള്ള അവരുടെ പ്രവചനങ്ങൾ ശരിയല്ല എന്നാണ് വാദം. ജഡ്ജി ആ വാദം ശരിവച്ചു. തനിക്കും കാർഡ്പ്രവചനം കുറച്ചൊക്കെ അറിയാമെന്ന് ജഡ്ജി! അതിനാൽ ഈ ഭാവിപറച്ചിലുകാരി തെറ്റായ ഫലപ്രവചനമാണ് നടത്തുന്നത് എന്ന് പറഞ്ഞ് അവരെ ജയിലിലടക്കുന്നു. എന്നിട്ട് ജഡ്ജിയുടെ ഫലപ്രവചനവുമുണ്ട്. കോടതിക്കെതിരെയുള്ള ഒരു ആക്ഷേപഹാസ്യമായിരുന്നു ആ കഥ. ജോത്സ്യവും മന്ത്രവാദവുമെല്ലാം നിയമത്തോട് ഏറ്റുമുട്ടിയാൽ എന്താവും ഗതി...? സംശയമില്ല ജഡ്ജിമാരും പോലീസുകാരും ജോത്സ്യം പഠിക്കേണ്ടിവരും....!!


12/09/10 ഞായറാഴ്ച മാത്രുഭൂമിയിൽ കണ്ട വാർത്തയാണ് ഇതോർക്കാൻ കാരണം. അന്ധവിശ്വാസം മൂത്ത് പിതാവ് പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞ് കൊന്നു. ജനിക്കുമ്പോളേ കുഞ്ഞിന് പല്ലു മുളച്ചിരുന്നത്രെ. ഇത് അപകട ശകുനമാണെന്ന് പലരും അയാളോട് പറഞ്ഞു. ജോത്സ്യനോട് ചോദിച്ചപ്പോൾ മൂപ്പരും പറഞ്ഞു ഇതപകടമാണെന്ന്. ഇതിനാലാണ് കൊന്നത് എന്ന് അയാൾ മൊഴി നൽകി. വാർത്ത ഇവിടെ വായിക്കാം. വാർത്ത അവസാനിക്കുന്നത് ഇങ്ങനെയാണ് കുഞ്ഞ് ജീവിച്ചാല്‍ അച്ഛന് ദോഷമാകുമെന്ന് മധുവിനെ ധരിപ്പിച്ച പുന്നപ്രസ്വദേശിയായ ജോത്സ്യനെ വിശദമായി ചോദ്യം ചെയ്യുമെന്ന് ആലപ്പുഴ സൗത്ത് സി.ഐ. വി.കെ. സനില്‍കുമാര്‍ പറഞ്ഞു. ദോഷമകറ്റാന്‍ പരിഹാരക്രിയകള്‍ നടത്താനാണ് നിര്‍ദേശിച്ചതെന്നും കുഞ്ഞിനെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചില്ലെന്നും ജ്യോത്സ്യന്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി“““”“.“

അടിസ്ഥാനപരമായി ഇവിടെ ഒരു പ്രശ്നം ഉദിക്കുന്നു. പോലീസ് ഏതുരീതിയിലാണ് ജോത്സ്യനെ ചോദ്യം ചെയ്യേണ്ടത്.?

i) കുഞ്ഞിനെ കൊല്ലാൻ പറഞ്ഞോ എന്ന് ചോദിച്ച് തടിയൂരാം.ഇല്ല എന്ന ലളിതമായ മറുപടി. ജോത്സ്യനും രക്ഷപ്പെട്ടു.

ii) ഇത് ദോഷമാണ് എന്നു പറഞ്ഞോ എന്ന ചോദ്യമായാലോ? തീർച്ചയായും സമ്മതിക്കാതെ വയ്യ ജോത്സ്യന്. അപ്പൊ പിന്നെ രണ്ട് ചോദ്യങ്ങളാണുള്ളത്.

1.ജോത്സ്യ വിധിപ്രകാരം ഇത് ശരിയാണോ. ആണെങ്കിൽ ജോത്സ്യനെ വെറുതെ വിടാം. അപ്പൊൾ ആ അഛൻ ചെയ്ത തെറ്റെന്ത്? അപകടമാണെന്നറിയുകയും പരിഹാര കർമ്മത്തിന് പണമില്ലാതെ വരികയും ചെയ്തതിനാലാണ് ഇതുണ്ടായത് എന്നയാൾ പറഞ്ഞാൽ...? ഇത് ആ കുട്ടിയുടെ വിധി എന്ന് പറയുമോ പോലീസ്? ഇനി ജോത്സ്യവിധി ഇങ്ങനെയല്ല എങ്കിൽ ആ അഛനെ വെറുതെ വിടാം. മര്യാദക്ക് ജോത്സ്യം പഠിക്കാത്ത ജോത്സ്യനെ ശിക്ഷിക്കാം ..
2 അന്ധവിശ്വാസം പരത്തുന്ന ജോത്സ്യനെ ശിക്ഷിക്കാൻ വിധിച്ചാലോ...? നാട് മുഴുവൻ ജോത്സ്യന്മാരാണ്. ഒരുപാട് പേരെ കൊല്ലാക്കൊല ചെയ്തുകൊണ്ടിരിക്കുന്നു അവർ. ഒരാളെ മാത്രമായി ശിക്ഷിക്കുന്നതെങ്ങനെ?

നീതീ പീഠത്തിനോട് ചോദിക്കാനുള്ളത് ഇതാണ്. എങ്ങിനെയാണ് നിങ്ങൾ അന്ധവിശ്വാസം അളക്കുന്നത്. പരിഹാരനിർദ്ദേശം മാത്രമാണെങ്കിൽ ജ്യോത്സ്യൻ നിരപരാധിയോ? ഇനി കുഞ്ഞിനെ കൊല്ലണം എന്നു തന്നെയാണ് പറഞ്ഞതെങ്കിൽ..? ജ്യോത്സ്യം പ്രകാരം കൊല്ലുകയാണ് പരിഹാരമെങ്കിൽ..? ജ്യോത്സ്യനെ കുറ്റവാളിയാണെന്ന് എങ്ങനെ വിധിക്കും? ഇനി അങ്ങനെ വിധിക്കുകയാണെങ്കിൽ അന്ധവിശ്വാസത്തിന്റെ പരിധി കോടതി എങ്ങനെ തീരുമാനിക്കും? യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ പറഞ്ഞു പരത്തുന്നവർ നിയമത്തിന്റെ കാഴ്ച്ചയിൽ നിരപരാധികളാണോ? ഈ വാർത്ത ഇത്രയും ഞെട്ടിപ്പിക്കുന്നതായതിനാൽ പുറത്തു വന്നു. സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്നത് ഇതുതന്നെയല്ലേ. പലതും മരണത്തിലേക്ക് എത്തുന്നില്ല എന്നു മാത്രം. ചൊവ്വാ ദോഷം, ശനിയപഹാരം.. തുടങ്ങി എത്രയെത്ര പൊള്ളത്തരങ്ങൾ? എത്ര വിദ്യാഭ്യാസമുള്ളവരും വെറുതെ എന്തിനാ റിസ്ക് എടുക്കണത് എന്നു പറഞ്ഞ് ജാതകം നോക്കുന്നു. അവരേയും പറഞ്ഞിട്ട് കാര്യമില്ല. ജോത്സ്യം പഠനവിഷയമാക്കുന്ന കാലമാണിത്.

ഈ മരണത്തിന് ഉത്തരവാദി ആരാണ്? അഛൻ എന്നു പറയുകയാണെങ്കിൽ അയാളുടെ വിവരമില്ലായ്മ കൊണ്ടും മറ്റുള്ളവരുടെ പ്രേരണ കൊണ്ടുമാണ് ചെയ്തത് എന്നു പറയാം. ജോത്സ്യനാണെങ്കിലോ...? താൻ പഠിച്ച ജോത്സ്യ വിധിപ്രകാരം ഇതു ശരിയാണെന്ന് വാദിക്കാം. അല്ലെന്ന് ആർക്ക് തെളിയിക്കാനാകും? പ്രേരിപ്പിച്ച മറ്റാളുകളോ...? ദിനം പ്രതി ജോത്സ്യം ശാസ്ത്രീയമാണെന്ന് പറഞ്ഞു വരികയാണ്. ചിലപ്പോൾ കുഞ്ഞിന്റെ പല്ലും പിതാവിന്റെ ആയുസ്സും തമ്മിൽ വല്ല ശാസ്ത്രീയ കണക്ഷനുമുണ്ടെന്ന് ഗോപാലക്രിഷ്ണന്മാർ പറഞ്ഞേക്കാം. അപ്പൊ പിന്നെ സുഹ്രുത്തിനെ ഉപദേശിച്ചതിൽ എന്താണ് തെറ്റ്? നിയമം കുടുങ്ങിപ്പോകും.

ഒരു ആർഷ ഭാരത സുഹ്രുത്ത് എന്നോട് ചോദിച്ചിരുന്നു.”അല്ല നിങ്ങളെന്തിനാണ് എപ്പോഴുമിങ്ങനെ എതിർക്കുന്നത്? വേദവും ജോത്സ്യവുമൊക്കെ ശാസ്ത്രമാണെന്ന് പറഞ്ഞാൽ എന്ത് ദോഷമാണ് ഉണ്ടാകുക?” പറയാനുള്ളത് ഇത്രമാത്രം. ഒന്നോ രണ്ടോ ശ്ലോകങ്ങൾ അളന്നു മുറിച്ചെടുത്ത് ആധുനിക ശാസ്ത്രത്തിലേക്ക് വലിച്ചു നീട്ടി ഇതെല്ലാം നമ്മന്റെ ആളുകളുടേതാണെന്ന് പറയുമ്പോൾ സാധൂകരിക്കപ്പെടുന്നത് നൂറ്റാണ്ടുകളിലൂടെ വളർന്നു വരുന്ന മുഴുവൻ അന്ധവിശ്വാസവും അനാചാരങ്ങളുമാണ്. (പൈത്രുകം സിനിമ ഓർക്കുക. യാഗം ചെയ്ത് മഴ പെയ്യിച്ചപ്പോൾ എന്താണ് പ്രേക്ഷക മനസ്സിൽ...? ഒടിയനും മായനും മറുതയുമൊക്കെ ശരിക്കുമുള്ളതാ.......!)

ഇത്തരം പ്രവണതകൾ സമൂഹത്തിൽ വർദ്ധിച്ചു വരികയാണ്. സമൂഹം മുഴുവൻ അന്ധമായിക്കൊണ്ടിരിക്കുന്നു. അഭ്യസ്ത വിദ്യരെപ്പോലും ഇത്തരം ശാസ്ത്ര-വേദാനുവാചകർ സശയത്തിലാക്കുന്നു. ബുധന്റേയും ശനിയുടേയും മാഗ്നറ്റിക് ഫീൽഡു കാരണം അതുണ്ടാവും ഇതുണ്ടാവും, ഇവയൊക്കെയാണ് ജോത്സ്യത്തിനാധാരം എന്ന് പറഞ്ഞാൽ ഒരു ബി എസ് സി ഫിസിക്സുകാരനും ശരിയാണല്ലോ എന്ന് ചിന്തിച്ചുപോകും. ഐ എസ് ആർ ഒ റോക്കറ്റ് വിക്ഷേപണം പോലും ജോത്സ്യൻ പറഞ്ഞ സമയത്തേ നടത്താറുള്ളൂ എന്ന് കേട്ടാൽ ആരാണ് ജോത്സ്യം പകുതിയെങ്കിലും സത്യമാണ് എന്ന് പറയാതിരിക്കുക! ഇങ്ങനെയുള്ള സമൂഹത്തിൽ ഇത്തരം കൊലകൾ നടന്നില്ലെങ്കിലേ അൽഭുതമുള്ളൂ. ആർഷ ഭാരതരേ, ജ്യോതിഷ പ്രമാണിമാരേ അന്ധവിശ്വാസികളായ ശാസ്ത്രജ്ഞരേ... നിങ്ങളാണ് ആ കുട്ടിയെ കൊന്നത്.

Saturday, August 28, 2010

ഹിറ്റ്ലര്‍ എന്ന ജൂതന്‍

ആര്യൻ മേധാവിത്വ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഹിറ്റ്ലറിന് ജൂതൻ-ആഫ്രിക്കൻ മുൻ ഗാമികളാണെന്ന് ഡി എൻ എ പരിശോധനയിൽ തെളിവു ലഭിച്ചിരിക്കുന്നു!! ലണ്ടനിലെ ഡൈലി എക്സ്പ്രസ് എന്നൻപത്രമാണ് ഈ വിവരം പുറത്തു വിട്ടത്. ജീൻ പോൾ മൾഡർ എന്ന ചരിത്രകാരനാണ് ഹിറ്റ്ലറുടെ വേരുകൾ തേടി പോയത്.

ഹിറ്റ്ലറുടെ ബന്ധുക്കളിൽ നടത്തിയ ൻഡി എൻ എ പരിശോധനയിൽ Haplopgroup E1b1b (Y-DNA) ന്ന ക്രോമസോം കണ്ടെത്തി. ഇത് യൂറോപ്പിൽ വിരളമായി കാണുന്ന ഒന്നത്രേ.ഇതിന്റെ ഉൽഭവം ആഫ്രിക്കയോ മിഡിൽ ഈസ്റ്റോ ആവാമെന്ന് വിദഗ്ധപറയുന്നു. കൂടാതെ ജൂതരിലും ഈ ക്രോമസോം കാണപ്പെടുന്നു. ക്രോമസോമിനെ പറ്റി ലേഖനത്തിൽ പറയുന്നതിങ്ങനെ: "It is most commonly found in the Berbers of Morocco, in Algeria, Libya and Tunisia, as well as among Ashkenazi and Sephardic Jews, one can from this postulate that Hitler was related to people whom he despised" (ഫ്രാങ്കൻബർഗർ എന്ന ജൂതന്റെ ജാര സന്തതിയായിരുന്നു ഹിറ്റ്ലറുടെ അച്ഛൻ എന്ന് പണ്ടു മുതലേ അഭ്യൂഹങ്ങളുണ്ട്.)
ഹിറ്റ്ലറുടെ 39 ബന്ധുക്കളുടെ ഡി എൻ എ പരിശോധനയാണ് മൾഡർ നടത്തിയത്. ന്യൂയോർക്കിൽ താമസിക്കുന്ന അലക്സാണ്ടർ സ്റ്റുവർട്ട് ഹൗസൺ എന്ന് ഹിറ്റ്ലറുടെ അനന്തരവന്റെ തൂവാലയിൽനിന്ന് കിട്ടിയ സാംപിളുകളും മൾഡർ പരിശോധനക്കെടുത്തു.
ലോകം കണ്ട ഏറ്റവും വലിയ വംശീയ ഹത്യ നടത്തിയ ഹിറ്റ്ലർ ജൂത പരംപരയാണ് എന്നു തെളിഞ്ഞാൽ അത് ഈ സഹസ്രാബ്ദത്തിന്റെ തന്നെ ഏറ്റവും വലിയ വിരോധാഭാസമാകും.ആര്യൻ രക്തം എന്ന ഒറ്റ വികാരം കൊണ്ട് ഒരു ജനതയെ മുഴുവൻ മയക്കിയ ആൾ പൂർണ്ണമായും ആര്യനല്ല എന്നത് ഏറ്റവും വലിയ കരിംഫലിതവും. ഇപ്പോഴും ഹിറ്റ്ലറിനെ പരസ്യമായി തന്നെ മാത്രുകയാക്കുന്ന ഇന്നത്തെ വംശവെറിയുടെ വക്താക്കളായ സംഘപരിവാര്‍ പോലുള്ള സംഘങ്ങള്‍ ഇതൊന്നു വായിച്ചാല്‍ കൊള്ളാം.