Sunday, November 20, 2011

മ്രുതപ്രാണനായ ഇ-ലോകം :-വികലമായ സിനിമാ ചര്‍ച്ചകള്‍ എങ്ങെനെയൊക്കെ നമ്മുടെ സാംസ്കാരിക അന്തരീക്ഷത്തെ മലിനമാക്കുന്നു?

ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിനു എന്തെല്ലാം ചെയ്യാനാവും എന്ന് നാം വിചാരിക്കുന്നുവോ അതിലുമപ്പുറം അതിലൂടെ പലരും ചെയ്തു കാണിച്ചിട്ടുണ്ട്. ബ്ലോഗുകളിലൂടെ മ്രുതപ്രാണനായ നമ്മുടെ ഭാഷയെ (ഭാഷകളെ) പുനരുജ്ജീവിപ്പിക്കാന്‍ (പരിമിതികളുണ്ടിങ്കിലും) പലര്‍ക്കും കഴിഞ്ഞിട്ടുണ്ട്. ഒരു ഭരണകൂടത്തെ തന്നെ മാറ്റിമറിക്കത്തക്ക ശക്തിയില്‍ ഫേസ്ബുക് പോലുള്ള കൂട്ടങ്ങള്‍ മാറുന്ന കാഴ്ച്ച നാം അറബ് വസന്തത്തിലൂടെ കണ്ടു.സക്രിയമായ സിനിമാ ചര്‍ച്ചകള്‍, സാഹിത്യ അവലോകനങ്ങള്‍, പൊതു വിഷയങ്ങള്‍, സൗഹ്രുദ സംഭാഷണങ്ങള്‍ പുതു കലാ പരിചയങ്ങള്‍..അങ്ങിനെ വളരെ സജീവമായ ഒരു അന്തരീക്ഷം തരാന്‍ ഇ-ലോകത്തിനു കഴിഞ്ഞിട്ടുണ്ട്. സിനിമയിലേയും സംഗീതത്തിലേയും വ്യാജന്മാരെ തുറന്നു കാണിക്കാനും ഈ ഇ ലോകത്തിനു കഴിഞ്ഞു. അറിവിന്റെ ഒരു സാര്‍വദേശീയതക്ക് ഇവ വഴിവെച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല.
എന്നാല്‍ നോക്കുക, ഇന്നു നാം അടിക്കടി ചെയ്യന്ന ചര്‍ച്ചകള്‍ (പ്രധാനമായും ഫേസ്ബുക്ക് പോലുള്ള കൂട്ടായ്മകളില്‍)  എന്താണ്?
1  .സന്തോഷ് പണ്ടിറ്റ്
2 . പ്രിഥ്വിരാജപ്പന്‍

മടുപ്പ് എന്നത് അന്യം നിന്നെന്നു തോന്നുന്നു ഈ ചര്‍ച്ചകള്‍ കാണുമ്പോള്‍. മാസങ്ങളായി പലരും ഇവ ആവേശപൂര്‍വ്വം ചര്‍ച്ച ചെയ്യുന്നു. അവ ചാനലുകളിലെത്തുന്നു, തീയറ്ററുകളിലെത്തുന്നു. ബഹു രസം അല്ലെ?
ലോകം സ്വാതന്ത്ര്യത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും സംസാരിക്കുമ്പൊള്‍ നമുക്ക് കോപ്രായങ്ങള്‍ മതി. മറ്റുള്ളവനെക്കൂടെ "മക്കാറാ"ക്കുന്ന ഒരു സാഡിസ്റ്റിക് സുഖത്തില്‍ രമിച്ചു വാഴുകയാണ് മലയാളികള്‍. ലജ്ജ എന്ന വാക്ക് കേട്ടിട്ടുള്ള ഒരുത്തനെങ്കിലും ഇമ്മാതിരി വീഡിയോകള്‍/ഫോട്ടോകള്‍ വീണ്ടും വീണ്ടും ഷെയര്‍ ചെയ്യുമോ?  ഈയടുത്ത് കേട്ടു ഫിലിം ഫെസ്റ്റിവെലില്‍ പോലും സന്തോഷ് പണ്ടിറ്റിനെക്കുറിച്ച് പറഞ്ഞ് ആള്‍ക്കാര്‍ രസിക്കുന്നത്രേ... ഇത്ര മലിനമായ ഒരു സാംസ്കാരിക അന്തരീക്ഷമായി മാറി കേരളം. ഈ വീഡിയോകള്‍ ഷെയര്‍ ചെയ്യാത്തതോ ലൈക് ചെയ്യാത്തതോ ആയ മലയാളി ബൂലോകര്‍ ഇല്ല എന്ന അവസ്ഥ വരാറായി.


    ആദ്യത്തെ കേസില്‍ ആസ്വാദനത്തിന്റെ നെല്ലിപ്പലകയേക്കാള്‍ നൂറടി താഴെയെത്തിനിന്നു സുഖിക്കുന്ന അവസ്ഥയാണെങ്കില്‍ രണ്ടാമത്തേത് (പ്രിഥ്വിരാജ്) എന്തിനെന്നറിയാതെയുള്ള ഒരു പടപ്പുറപ്പാടാണ്! ഒരു നടനെക്കുറിച്ച് പറയുമ്പോള്‍ സക്രിയമായി അയാളുടെ അഭിനയത്തെ വിമര്‍ശിക്കുകയോ പരാമര്‍ശിക്കുകയോ ആണ് വേണ്ടത്. സാമൂകിക വിരുദ്ധമായി ഒന്നും പറയാത്തിടത്തോളം കാലം അയാളുടെ ഇന്റര്‍വ്യൂകളെ വിമര്‍ശിച്ച് അധര വ്യായാമം നടത്തുന്നത് എന്തിനാണ്? പലരും ഇവ ഒരു രസത്തിനായാണ് ഷെയര്‍ ചെയ്യുന്നത് അല്ലാതെ അയാളോട് ഒരസഹിഷ്ണുതയും ഉണ്ടായിട്ടല്ല. ഒന്നോ രണ്ടോ തവണെ നമുക്കിത് മനസ്സിലാക്കാം. എന്നാല്‍ ഇതൊരു അസുഖമായാലോ...? നാം ചെയ്യുന്ന ചരിത്രപരമായ മണ്ടത്തരമാണിവ.

  മലയാള ബൂലോകം അതിന്റെ അന്തിമ ദിശയിലാണെന്നു തോന്നുന്നു. ഇത്തരം ചര്‍ച്ചകളില്‍ മനം മടുത്ത് ഇപ്പോള്‍ ഫേസ്ബുക് നോക്കാറില്ല എന്ന് പല സുഹ്രുത്തുക്കളും പറയുകയുണ്ടായി.   ഒരു സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ സീരിയസ് ആയാല്‍ ഡിസ്കഷന്‍സ് മാത്രമല്ല ഉണ്ടാവുക, മറിച്ച് നര്‍മ്മ സംഭാഷണങ്ങളും എന്തിനു, സല്ലാപങ്ങളും ഉണ്ടായിരിക്കും. അവ അതിന്റെ ജൈവികതയുടെ നിലനില്പ്പിനു സഹായിക്കുന്നവയുമാണ്.
എന്നാല്‍ ഏകതാനമായ ഇത്തരം വൈക്രുതങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമായി. പ്രബുദ്ധര്‍ എന്നു വിശ്വസിക്കുന്ന പല സുഹ്രുത്തുക്കളും വീണ്ടും വീണ്ടും അത്തരം ചര്‍ച്ചകളിലേക്ക് വഴുതിപ്പോവുന്ന കാഴ്ച്ച ശോചനീയമാണ്. ഇപ്പോള്‍ എല്ലാവരും തന്റെ സന്തോഷ് പണ്ടിറ്റ് അനുഭവം (നല്ലതാണെങ്കിലും തെറി ആണെങ്കിലും) പങ്കുവക്കുന്ന തിരക്കിലാണ്! മലയാള സിനിമക്കുള്ള താക്കീത്, അന്തിക്ക്രിസ്തു, ബുദ്ധിമാനായ ബിസിനസ്സുകാരന്‍, വിഡ്ഢി, ആദര്‍ശവാന്‍, ഗാന്ധിയന്‍..... മണ്ണാങ്കട്ട. നിങ്ങള്‍ക്കൊന്നും പറയാന്‍ വേറെ വിഷയങ്ങളില്ലേ?


 ഇ-ലോകത്തിലൂടെ  നാം പുതുതായി നേടിയെടുത്തു വരുന്ന ഒരു സാംസ്കാരിക ഉന്നമനത്തേ പാടേ നശിപ്പിക്കുന്നവയാണ് ഇത്തരം ചര്‍ച്ചകള്‍. ഇതിനെ നിരുല്‍സാഹപ്പെടുത്തേണ്ടത് നമ്മുടെ കടമയാണ്. ഈ കോപ്രായങ്ങണെ അനുകൂലിച്ചുകൊണ്ടോ പ്രതികൂലിച്ചുകൊണ്ടോ സ്റ്റാറ്റസ്സുകള്‍, വീഡിയോകള്‍, ചിത്രങ്ങള്‍ എന്നിവ ഷെയര്‍ ചെയ്യില്ല എന്നു നമുക്ക് ഉറപ്പ് വരുത്തിക്കൂടെ? കൂടാതെ ഇത്തരം ചര്‍ച്ചകളെ നിശിതമായി വിമര്‍ശിക്കുകയും നിരുല്‍സാഹപ്പെടുത്തുകയും ചെയ്താലേ ഇവ അവസാനിക്കൂ. മലയാളിക്ക് വിശാലമായ ലോകത്തേക്കുള്ള ജാലകങ്ങള്‍ തുറന്നു തന്ന ഈ ഇ-ലോകത്തെ ഈ വൈക്രുത ലോകത്തേക്ക് ചുരുക്കാതിരിക്കുക. സക്രിയമായ ചര്‍ച്ചകള്‍ ഉണ്ടാവട്ടെ.

Tuesday, October 4, 2011

വിദ്യാര്‍ഥി മാസിക, വിജയന്മാഷ് അനുസ്മരണ പതിപ്പ്

ഒരു വ്യക്തിയെ ഓര്‍ക്കുക എന്നാല്‍ എന്താണ്? അയാളുടെ ശരീരത്തേയോ ശബ്ദത്തേയോ സാമീപ്യത്തേയോ സ്വഭാവത്തേയോ കുറിച്ചുള്ള നമ്മുടെ ചിന്തകളെ ഓര്‍മ്മ എന്നു പറയാം. അപ്പോള്‍ ഓര്‍മ്മ എത്രകണ്ടു പ്രസക്തമാണ്? എന്നാല്‍ ഓര്‍ക്കുന്നത് അയാളുടെ ആശയങ്ങളെ ആയാലോ. അത്തരം  ഓര്‍മ്മകള്‍ വെളിച്ചങ്ങളാണ്, അഗ്നിയാണ്. അവയുടെ ചില സ്ഫുലിംഗങ്ങള്‍ മതി നൂറു പന്തങ്ങള്‍ക്ക് തീകൊളുത്താന്‍. അങ്ങനെ  ഓര്‍മ്മകള്‍ ഊര്‍ജ്ജ സ്രോതസ്സുകളായി മാറുന്നു. അത്തരം ഓര്‍മ്മകള്‍ ആവര്ത്തനങ്ങളല്ല. മറിച്ച് തുടര്‍ച്ചകളോ ആരംഭങ്ങളോ ആണ്. ഇവിടെ ഞങ്ങള്‍ ഒരു വിജയന്മാഷ് (എം എന്‍ വിജയന്‍) അനുസ്മരണ പതിപ്പ് പ്രസിദ്ധീകരിക്കുന്നു. മാഷിന്റെ ലേഖനങ്ങള്‍, അഭിമുഖങ്ങള്‍, പ്രസംഗങ്ങള്‍  എന്നിവയെ വീണ്ടും ഒരു സക്രിയമായ ചര്‍ച്ചയിലേക്ക് എത്തിക്കുക എന്ന ആഗ്രഹമാണ് ഇതിനു പിന്നില്‍. താങ്കളുടെ സജീവമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. പതിപ്പിലേക്ക് പോവാന്‍ താഴത്തെ ലിങ്കില്‍ ക്ലിക്കുക.

Friday, August 26, 2011

ചില വിദ്യാഭ്യാസ ചിന്തകൾ 2: വൈരുദ്ധ്യാത്മക കോടതി

ഒരു മാർക്സിസ്റ്റ് ചിന്തകൻ വിഷയങ്ങളെ അപഗ്രഥിക്കുന്നത് അതിലുള്ള വരുദ്ധ്യങ്ങൾ പഠിക്കുക വഴിയാണ് എന്ന് കേട്ടിട്ടുണ്ട്. ഇവിടെയിതാ അവരെയെല്ലാം കടത്തി വെട്ടിക്കൊണ്ട് കോടതി അതി വൈരുദ്ധ്യത്തിലെത്തിയിരിക്കുന്നു. കൃത്യം ഒരു കൊല്ലം മുൻപ് കോടതി നടത്തിയ സ്റ്റേറ്റ്മെന്റ് "സ്വാശ്രയ വിദ്യാഭ്യാസം വാണിജ്യശാലകളായി" എന്നായിരുന്നു. വാർത്ത ഇവിടെ വായിക്കാം


ഇതിന്റെ പ്രതികരണമായി അന്ന് എഴുതിയ ലേഖനം ഇവിടെ


എന്നാൽ ഈ ആഴ്ച വന്ന കോടതി വിധി ഇങ്ങനെ

സ്വാശ്രയ മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കിയ ഹൈക്കടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റുകള്‍ക്ക് പ്രവേശന നടപടികളുമായി മുന്നോട്ടുപോകാമെന്നും ഈമാസം 31നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മെഡിക്കല്‍ മേനേജുമെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

ജൂലായ് 11ന് സംസ്ഥാനത്തെ 11 സ്വാശ്രയ കോളേജുകള്‍ നടത്തിയ പ്രവേശനപരീക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. പ്രവേശന പരീക്ഷ നിയമവിരുദ്ധമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ പൊതുപ്രവേശന പരീക്ഷയുടെ
റാങ്ക് ലിസ്റ്റില്‍നിന്നും പ്രവേശനം നടത്തണമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം

വാർത്ത ഇവിടെ വായിക്കാം


ഇത്രയു വരുദ്ധ്യം നമുക്ക് എവിടെ കണ്ടെത്താം. ഒരുവാ കൊണ്ട് വിമർശിക്കുകയും മറുവാ കൊണ്ടനുഗ്രഹഇക്കുകയും ചെയ്യുന്ന ഈ കോടതി ഒരപാര സംഭവം തന്നെ.
വർഷാ വർഷം ചീഞ്ഞളിഞ്ഞുകൊണ്ടിരിക്കുന്ന മേഖലയാണ് വിദ്യാഭ്യാസം. കാരക്കോണം കോളേജിലെ കഴുതക്കച്ചവടം നാം ടിവിയിലൂടെ നേരിട്ട് കണ്ടതാണ്. കേരള മെഡിക്കൽ എൻട്രൻസിൽ ക്വാളിഫൈ ചെയ്യുക പോലും ചെയ്യാത്തവരെയാണ് ലക്ഷങ്ങളുടെ കോഴ കൊടുത്ത് എം ബി ബി എസ് നു ചേരുന്നത്. ( ക്വാളിഫൈ ചെയ്ത 50000 വിദ്യാർത്ഥികളെ ഒഴിച്ചാൽ പ്ലസ്ടു സയൻസ് പഠിച്ച എത്ര പേർ ഉണ്ടാവും?) അതായത് സംസ്ഥാനത്തെ ഏറ്റവും മോശം വിദ്യാർത്ഥികളാണ് നാളെ ഇവിടെ പഠിച്ചിറങ്ങി നാട്ടുകാരുടെ നെൻചിൽ കത്തി വക്കാൻ പോവുന്നത്.

മറ്റ് പ്രൊഫഷനുകൾ പോലെയല്ല ഡോക്ടർ എന്നത് തന്നെയാണ് ഇത്രയധികം ചർച്ചകൾക്ക് കാരണം. കഴിവില്ലാത്ത ഒരു എൻചിനിയർക്ക് നാട്ടുകാരെ ദ്രോഹിക്കാൻ കഴിയുന്നതിന് ഒരു പരിധി ഉണ്ടല്ലോ. എന്നാൽ ഡോക്ടർക്കോ...? എം ബി ബി എസ് എന്ന പേരിൽ എവിടേയും ഒരു ക്ലിനിക് തുടങ്ങി അയാൾക്ക് കൊള്ള തുടങ്ങാവുന്നതാണ്. എന്തിന്! ഇപ്പോൾ എം ഡി യും കോഴ കൊടുത്ത് കിട്ടാം എന്നായി. എം ബി ബി എസിന്റെ ഇപ്പോഴത്തെ വില 50 ലക്ഷം ആണെന്ന് കേട്ടു. എം ഡിയുടേത് ഒന്നര കോടിയും ! അങ്ങിനെ രണ്ട് കോടി കൊടുത്ത് ഡോക്ടറായി വരുന്നവൻ/ൾ രോഗിയുടെ പോക്കറ്റല്ലാതെ മറ്റൊന്നും പരിശോധിക്കില്ല എന്നതിൽ ഒരു സംശയവുമില്ല. ആശുപത്രികൾ കൂടുന്നത് മെച്ചപ്പെട്ട ആരോഗ്യ അവസ്ഥയാണോ എന്ന് ചോദിക്കുന്നപോലെ കൂടുതൽ ഡോക്ടർമാർ ഉണ്ടായാൽ സംസ്ഥാനത്തിന്റെ ആരോഗ്യം മെച്ചപ്പെടുമോ എന്ന് ചോദിച്ചാൽ..? ഇവർക്കൊക്കെ കാശുണ്ടാക്കാനായി പുതിയ രോഗങ്ങൾ തന്നെ വരുമോ എന്നു പോലും പേടിച്ചു പോവും ഈ പോക്കുകണ്ടാൽ..!

ഈ അവസരത്തിലാണ് സുപ്രീം കോടതിയുടെ വിധി. പണ്ടും സ്വാശ്രയ മാനേജ്മെന്റുകളുമായി ധാരണയിലെത്തിയ ജഡ്ജികളെക്കുറിച്ചുള്ള വാർത്തകൾ നമ്മൾ കേട്ടിരിക്കുന്നു. ആരെങ്കിലും എതിർത്താൽ അത് കോടതിയലക്ഷ്യമായി. ഇത്തരം ജനവിരുദ്ധ വിധികൾ നടത്തുന്ന കോടതിയെ വിമർശനാതീതമായി കാണുന്നത് നാം എന്ന സമൂഹത്തിന്റെ കഴിവുകേടല്ലേ.. കോടതിയും സർക്കാരും ഉദ്യോഗസ്ഥ വ്രുന്ദവും പ്രൈവറ്റ് മാനേജ്മെന്റുകളുടെ കസ്റ്റോഡിയൻമാരാകുംപോൾ നമുക്ക് എങ്ങനെ നിശ്ശബ്ദത പാലിക്കാനാകും?
പ്രൈവറ്റ് മേഖലയെ പുണ്യാളൻമാരാക്കി അഴിമതി വിരുദ്ധർ എന്ന് പറയുന്നവരോട് നല്ല നമസ്കാരമേ പറയാനുള്ളൂ. ഇത്തരം കൊള്ളകളെ പ്രൊഫഷണലിസം എന്നു വിളിക്കുകയും ഹസാരയുടെ സമരത്തെ പിന്താങ്ങുകയും ചെയ്യുന്ന അപ്പർ മിഡിൽക്ലാസ് ഹൈക്ലാസ് കാപട്യങ്ങളെ തിരിച്ചറിയാതെ വയ്യ. ഇന്നത്തെ അഴിമതി വിരുദ്ധ സമരക്കാരിൽ ഭൂരിഭാഗംപേരും സ്വാശ്രയ വിദ്യാഭ്യാസത്തെ അനുകൂലിക്കുന്നവരോ അതിലുപരി അതിന്റെ വക്താക്കളോ ആണ്. അഴിമതിക്കെതിരായി സമരം വരേണ്ടതു തനെയാണ്. പക്ഷെ അത് സമഗ്രമായ ഒരു കാഴ്ച്ചപ്പാടോടെ ആവണം. കേരളത്തെ സംബന്ധിച്ചിടത്തോളം ദൂരവ്യാപകമായ ദോഷവശങ്ങളൂള്ള കാര്യമാണ് സ്വാശ്രയ മെഡിക്കൽ കോളേജുകൾ എന്നത്. കുറഞ്ഞത് മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെങ്കിലും ഈ സ്വാശ്രയ ഭീമൻമാരെ ഒഴിവാക്കിയില്ലെങ്കിൽ രോഗാതുരമായ ഒരു സംസ്ഥാനമായി കേരളം മാറും എന്നതിൽ സംശയമില്ല.

Tuesday, April 12, 2011

വോട്ട് ചെയ്യേണ്ട എന്ന് തീരുമാനിച്ചവരോട്

ഇലക്ഷനിൽ മൽസരിക്കുന്ന ഒരു സ്ഥാനാർത്ഥിയും ജയത്തിനർഹരല്ല എന്ന്

തോന്നുന്നുണ്ടെങ്കിൽ വോട്ടിനു പോകാതിരിക്കരുത്. എല്ലാ ബൂത്തിലും 49-ഒ നിയമപ്രകാരം ഫോം

ഉണ്ടാകും. ഒരു സ്ഥാനാർത്ഥിയും വോട്ടിനർഹരല്ല എന്ന് അവിടെ രേഖപ്പെടുത്താം. ഈ

പ്രത്യേക വോട്ടുകൾക്ക് ഭൂരിപക്ഷം ലഭിച്ചാൽ ഇലക്ഷൻ അസാധു ആയി പ്രഖ്യാപിക്കും. ഈ

ജനഹിതപരിശോധന പോളിങ്ങ് മെഷീനിൽ തന്നെ വരേണ്ടതാണ്. ഇപ്പോഴത്തെ അവസ്ഥയിൽ

ബൂത്തിലുള്ള എല്ലാവരും അറിഞ്ഞ് വേണം രേഖപ്പെടുത്താൻ. എന്നാൽ തന്നെയും നിങ്ങളുടെ ശക്തമായ

അഭിപ്രായം രേഖപ്പെടുത്താൻ ഇതുപയോഗിക്കാവുന്നതാണ്