Sunday, November 20, 2011

മ്രുതപ്രാണനായ ഇ-ലോകം :-വികലമായ സിനിമാ ചര്‍ച്ചകള്‍ എങ്ങെനെയൊക്കെ നമ്മുടെ സാംസ്കാരിക അന്തരീക്ഷത്തെ മലിനമാക്കുന്നു?

ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിനു എന്തെല്ലാം ചെയ്യാനാവും എന്ന് നാം വിചാരിക്കുന്നുവോ അതിലുമപ്പുറം അതിലൂടെ പലരും ചെയ്തു കാണിച്ചിട്ടുണ്ട്. ബ്ലോഗുകളിലൂടെ മ്രുതപ്രാണനായ നമ്മുടെ ഭാഷയെ (ഭാഷകളെ) പുനരുജ്ജീവിപ്പിക്കാന്‍ (പരിമിതികളുണ്ടിങ്കിലും) പലര്‍ക്കും കഴിഞ്ഞിട്ടുണ്ട്. ഒരു ഭരണകൂടത്തെ തന്നെ മാറ്റിമറിക്കത്തക്ക ശക്തിയില്‍ ഫേസ്ബുക് പോലുള്ള കൂട്ടങ്ങള്‍ മാറുന്ന കാഴ്ച്ച നാം അറബ് വസന്തത്തിലൂടെ കണ്ടു.സക്രിയമായ സിനിമാ ചര്‍ച്ചകള്‍, സാഹിത്യ അവലോകനങ്ങള്‍, പൊതു വിഷയങ്ങള്‍, സൗഹ്രുദ സംഭാഷണങ്ങള്‍ പുതു കലാ പരിചയങ്ങള്‍..അങ്ങിനെ വളരെ സജീവമായ ഒരു അന്തരീക്ഷം തരാന്‍ ഇ-ലോകത്തിനു കഴിഞ്ഞിട്ടുണ്ട്. സിനിമയിലേയും സംഗീതത്തിലേയും വ്യാജന്മാരെ തുറന്നു കാണിക്കാനും ഈ ഇ ലോകത്തിനു കഴിഞ്ഞു. അറിവിന്റെ ഒരു സാര്‍വദേശീയതക്ക് ഇവ വഴിവെച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല.
എന്നാല്‍ നോക്കുക, ഇന്നു നാം അടിക്കടി ചെയ്യന്ന ചര്‍ച്ചകള്‍ (പ്രധാനമായും ഫേസ്ബുക്ക് പോലുള്ള കൂട്ടായ്മകളില്‍)  എന്താണ്?
1  .സന്തോഷ് പണ്ടിറ്റ്
2 . പ്രിഥ്വിരാജപ്പന്‍

മടുപ്പ് എന്നത് അന്യം നിന്നെന്നു തോന്നുന്നു ഈ ചര്‍ച്ചകള്‍ കാണുമ്പോള്‍. മാസങ്ങളായി പലരും ഇവ ആവേശപൂര്‍വ്വം ചര്‍ച്ച ചെയ്യുന്നു. അവ ചാനലുകളിലെത്തുന്നു, തീയറ്ററുകളിലെത്തുന്നു. ബഹു രസം അല്ലെ?
ലോകം സ്വാതന്ത്ര്യത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും സംസാരിക്കുമ്പൊള്‍ നമുക്ക് കോപ്രായങ്ങള്‍ മതി. മറ്റുള്ളവനെക്കൂടെ "മക്കാറാ"ക്കുന്ന ഒരു സാഡിസ്റ്റിക് സുഖത്തില്‍ രമിച്ചു വാഴുകയാണ് മലയാളികള്‍. ലജ്ജ എന്ന വാക്ക് കേട്ടിട്ടുള്ള ഒരുത്തനെങ്കിലും ഇമ്മാതിരി വീഡിയോകള്‍/ഫോട്ടോകള്‍ വീണ്ടും വീണ്ടും ഷെയര്‍ ചെയ്യുമോ?  ഈയടുത്ത് കേട്ടു ഫിലിം ഫെസ്റ്റിവെലില്‍ പോലും സന്തോഷ് പണ്ടിറ്റിനെക്കുറിച്ച് പറഞ്ഞ് ആള്‍ക്കാര്‍ രസിക്കുന്നത്രേ... ഇത്ര മലിനമായ ഒരു സാംസ്കാരിക അന്തരീക്ഷമായി മാറി കേരളം. ഈ വീഡിയോകള്‍ ഷെയര്‍ ചെയ്യാത്തതോ ലൈക് ചെയ്യാത്തതോ ആയ മലയാളി ബൂലോകര്‍ ഇല്ല എന്ന അവസ്ഥ വരാറായി.


    ആദ്യത്തെ കേസില്‍ ആസ്വാദനത്തിന്റെ നെല്ലിപ്പലകയേക്കാള്‍ നൂറടി താഴെയെത്തിനിന്നു സുഖിക്കുന്ന അവസ്ഥയാണെങ്കില്‍ രണ്ടാമത്തേത് (പ്രിഥ്വിരാജ്) എന്തിനെന്നറിയാതെയുള്ള ഒരു പടപ്പുറപ്പാടാണ്! ഒരു നടനെക്കുറിച്ച് പറയുമ്പോള്‍ സക്രിയമായി അയാളുടെ അഭിനയത്തെ വിമര്‍ശിക്കുകയോ പരാമര്‍ശിക്കുകയോ ആണ് വേണ്ടത്. സാമൂകിക വിരുദ്ധമായി ഒന്നും പറയാത്തിടത്തോളം കാലം അയാളുടെ ഇന്റര്‍വ്യൂകളെ വിമര്‍ശിച്ച് അധര വ്യായാമം നടത്തുന്നത് എന്തിനാണ്? പലരും ഇവ ഒരു രസത്തിനായാണ് ഷെയര്‍ ചെയ്യുന്നത് അല്ലാതെ അയാളോട് ഒരസഹിഷ്ണുതയും ഉണ്ടായിട്ടല്ല. ഒന്നോ രണ്ടോ തവണെ നമുക്കിത് മനസ്സിലാക്കാം. എന്നാല്‍ ഇതൊരു അസുഖമായാലോ...? നാം ചെയ്യുന്ന ചരിത്രപരമായ മണ്ടത്തരമാണിവ.

  മലയാള ബൂലോകം അതിന്റെ അന്തിമ ദിശയിലാണെന്നു തോന്നുന്നു. ഇത്തരം ചര്‍ച്ചകളില്‍ മനം മടുത്ത് ഇപ്പോള്‍ ഫേസ്ബുക് നോക്കാറില്ല എന്ന് പല സുഹ്രുത്തുക്കളും പറയുകയുണ്ടായി.   ഒരു സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ സീരിയസ് ആയാല്‍ ഡിസ്കഷന്‍സ് മാത്രമല്ല ഉണ്ടാവുക, മറിച്ച് നര്‍മ്മ സംഭാഷണങ്ങളും എന്തിനു, സല്ലാപങ്ങളും ഉണ്ടായിരിക്കും. അവ അതിന്റെ ജൈവികതയുടെ നിലനില്പ്പിനു സഹായിക്കുന്നവയുമാണ്.
എന്നാല്‍ ഏകതാനമായ ഇത്തരം വൈക്രുതങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമായി. പ്രബുദ്ധര്‍ എന്നു വിശ്വസിക്കുന്ന പല സുഹ്രുത്തുക്കളും വീണ്ടും വീണ്ടും അത്തരം ചര്‍ച്ചകളിലേക്ക് വഴുതിപ്പോവുന്ന കാഴ്ച്ച ശോചനീയമാണ്. ഇപ്പോള്‍ എല്ലാവരും തന്റെ സന്തോഷ് പണ്ടിറ്റ് അനുഭവം (നല്ലതാണെങ്കിലും തെറി ആണെങ്കിലും) പങ്കുവക്കുന്ന തിരക്കിലാണ്! മലയാള സിനിമക്കുള്ള താക്കീത്, അന്തിക്ക്രിസ്തു, ബുദ്ധിമാനായ ബിസിനസ്സുകാരന്‍, വിഡ്ഢി, ആദര്‍ശവാന്‍, ഗാന്ധിയന്‍..... മണ്ണാങ്കട്ട. നിങ്ങള്‍ക്കൊന്നും പറയാന്‍ വേറെ വിഷയങ്ങളില്ലേ?


 ഇ-ലോകത്തിലൂടെ  നാം പുതുതായി നേടിയെടുത്തു വരുന്ന ഒരു സാംസ്കാരിക ഉന്നമനത്തേ പാടേ നശിപ്പിക്കുന്നവയാണ് ഇത്തരം ചര്‍ച്ചകള്‍. ഇതിനെ നിരുല്‍സാഹപ്പെടുത്തേണ്ടത് നമ്മുടെ കടമയാണ്. ഈ കോപ്രായങ്ങണെ അനുകൂലിച്ചുകൊണ്ടോ പ്രതികൂലിച്ചുകൊണ്ടോ സ്റ്റാറ്റസ്സുകള്‍, വീഡിയോകള്‍, ചിത്രങ്ങള്‍ എന്നിവ ഷെയര്‍ ചെയ്യില്ല എന്നു നമുക്ക് ഉറപ്പ് വരുത്തിക്കൂടെ? കൂടാതെ ഇത്തരം ചര്‍ച്ചകളെ നിശിതമായി വിമര്‍ശിക്കുകയും നിരുല്‍സാഹപ്പെടുത്തുകയും ചെയ്താലേ ഇവ അവസാനിക്കൂ. മലയാളിക്ക് വിശാലമായ ലോകത്തേക്കുള്ള ജാലകങ്ങള്‍ തുറന്നു തന്ന ഈ ഇ-ലോകത്തെ ഈ വൈക്രുത ലോകത്തേക്ക് ചുരുക്കാതിരിക്കുക. സക്രിയമായ ചര്‍ച്ചകള്‍ ഉണ്ടാവട്ടെ.