Sunday, September 13, 2009

ബ്ലസ്സിയുടെ സ്ത്രീകൾ- ഒരു വിമർശനം

വളരെ ചുരുങ്ങിയ കാലയളവിൽത്തന്നെ ഒരു സംവിധായകൻ എന്ന നിലയിൽ മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞയാളാണു ബ്ലെസ്സി. പത്മരാജന്റെ സഹസംവിധായകൻ എന്നത്കൊണ്ടുള്ള നോസ്റ്റാൾജിക്‌ അടുപ്പവും മലയാളികൾക്ക്‌ ബ്ലസ്സിയൊട്‌ തോന്നിയിട്ടുണ്ടാവാം. അതിലുപരി കാമ്പുള്ള സിനിമകൽ സൃഷ്ടിക്കുന്നതിൽ ഒരു പരിധി വരെ ബ്ലെസ്സി വിജയിച്ചു എന്നു പറയാം. നന്മയുടേയും സ്നേഹത്തിന്റേയും അനിർവ്വചനീയമായ ഒരു തെളിചമാണു കാഴ്ച കണ്ടിറങ്ങുന്ന ഒരു പ്രേക്ഷകനു അനുഭവപ്പെടുക. തന്മാത്രയുടെ സ്ക്രിപ്റ്റിനു ഒരു നീറുന്ന അസ്വസ്ഥത നൽകാൻ കഴിഞ്ഞിട്ടുണ്ട്‌. തുടർന്നു വന്ന പളുങ്കും കൽക്കത്താ ന്യൂസും പരാജയങ്ങളായിരുന്നു. കഥയുടെ സ്ഥിരതയില്ലായ്മയാണു ഇവയെ പിന്നൊട്ടടിച്ചത്‌. ഒരുപാട്‌ വിഷയങ്ങൾ പറയാൻ ശ്രമിച്ച് ഒന്നുമാകാത്ത അവസ്ഥ. എന്നാൽ പിന്നീട്‌ ചെയ്ത ഭ്രമരം പ്രമേയംകൊണ്ടും കാഴ്ചകൊണ്ടും ശക്തമായിരുന്നു.അതിലെ ഫ്ലാഷ്ബാക്കിലെ പിശകുകൽ കാണാതിരിക്കുന്നില്ല എങ്കിലും മലയാലതിലെ strength ഉള്ള സിനിമയായി നമുക്കിതിനെ കാണാവുന്നതാണു.


ഞാൻ പറയാനുദ്ദേശിക്കുന്ന വിഷയം ടെക്നിക്കൽ അല്ല (അതിനുള്ള വിവരം ആയില്ലെന്ന് കൂട്ടിക്കോളൂ) മറിച്ച്‌ തികച്ചും സാമൂഹികം ആണു. ബ്ലെസ്സിയുടെ എല്ലാ സിനിമകളും നോക്കിയാൽ കാണാം അവയിൽ സ്ത്രീ എന്നത്‌ ദുർബല, അധികം പ്രാധാന്യം അർഹിക്കാത്ത, ഭർത്താവിനു ദാംപത്യസുഖം (ശാരീരികവും മാനസികവും) കൊടുക്കാൻ മാത്രമുള്ളതാണൊ എന്ന് പ്രേക്ഷകർക്ക്‌ തോന്നിപ്പോവുകയും ചെയ്യുന്ന കഥാപത്രമാണു. ബ്ലെസ്സിയുടെ ഒരു സിനിമയിലും നായകന്റെ ഭാര്യക്ക്‌ ഉദ്യോഗമില്ല. അവർ സംതൃപ്തരായ വീട്ടുജീവികൾ മാത്രമാണു. ഇതിലെ സംതൃപ്തി എന്ന സ്ത്രീ വിരുദ്ധ കാഴ്ചപ്പാടാണ് വമർശിക്കപ്പെടേണ്ടതും, അധികം വിമർശിച്ച്‌ കാണാത്തതും



ഒരു സ്ത്രീ സാമൂഹികമായ ഒരു ഇടപെടലുകളൊന്നും നടത്താതെ, ഉദ്യോഗതിനു പോവാതെ വീട്ടിൽത്തന്നെ ഇരുന്നാലും അവൾക്ക്‌ സംതൃപ്തയായി കഴിയാനാവും എന്ന് ഈ നായികമാരെ കണ്ടാൽ നമുക്ക്‌ തോന്നും. ഭർത്താവിന്റെ സ്നേഹം 'മാത്രം' മതി അവർക്ക്‌ സംതൃപ്തിയണയാൻ എന്ന ഒരു രീതി! അവരുടെ Identity ഭര്‍ത്താവിന്റെ സ്നേഹ പരിലാളനങ്ങളില്‍ മാത്രം!! ഒതുങ്ങിക്കൂടലിന്റെ അസ്വസ്ഥതകള്‍ പോലുമില്ല അവര്‍ക്ക്. കുറചുകൂടി വിശാലമായി പറഞ്ഞാൽ ബ്ലെസ്സിയുടെ സിനിമകൾ തികച്ചും വ്യക്തിപരമായ സിനിമകളാണു. വ്യക്തിബന്ധങ്ങൽ ചിത്രീകരിക്കാൻ സാമൂഹിക അവസ്ഥകളെ കടമെടുക്കുന്നു എന്നുമാത്രം.


കാഴ്ചയിലെ നായിക വീടിനുപുറത്ത്‌ നിൽക്കുന്ന ഷോട്ടുകൾപോലും വളരെ കുറവാണു. തന്മാത്രയിലാകട്ടെ നായിക കിടപ്പറയിലും അടുക്കളയിലുമാണു ഭൂരിഭാഗം സമയവും. പക്ഷെ അവളെ സാരിയുടുപ്പിച്ച്‌ തൃപ്തിയാക്കുന്നുണ്ട്‌ നായകൻ!പോരാത്തതിനു നായകനു മകനെപ്പറ്റി മാത്രമാനു സ്വപ്നങ്ങൽ. മകന്റെ പഠനം, മകന്റെ ഭാവി ..എന്നിങ്ങനെ. മകൾ തമാശ പറയാനും കളിക്കാനും മാത്രമാണോ എന്ന് തോന്നും. അവളെപ്പറ്റിയുള്ള ഒന്നുംതന്നെ അയാളുടെ സ്വപ്നങ്ങളില്ല!


'പളുങ്ക്‌'ലും ഇതേ കുടുംബ ചിത്രമാണു വരച്ചിരിക്കുന്നത്‌. ഒരു ചതുരത്തിനുള്ളിലെ ഭാര്യയും ഭർത്താവും മക്കളും! കൽക്കത്താ ന്യൂസിലാണു കുറച്ചെങ്കിലും വ്യത്യസ്തമായി സ്ത്രീയെ അവതരിപ്പിക്കാൻ ബ്ലെസ്സി ശ്രമിച്ചിട്ടുള്ളത്‌. എന്നാൽ നായകന്റെ കയ്യിലെത്തുന്നതുവരെ നായികയുടെ കന്യകാത്വം നിലനിർത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വം ബ്ലെസ്സിയും ഏറ്റെടുക്കുന്നു (ചന്ദ്രോത്സവം, മാമ്പഴക്കാലം എന്നീ സിനിമകൾ ഓർക്കുക). ഈ അവസരത്തിലാണു നാം പത്മരാജനെ കാണേണ്ടത്‌. ' നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകളില്‍' അഛൻ (രണ്ടാനഛൻ എന്നത്‌ സിനിമയുടെ കോമ്പ്രമൈസ്‌ ആണെന്ന് ഞാൻ കരുതുന്നു) ബലാത്സംഗം ചെയ്ത്‌ "നശിപ്പിച്ച" (!) ഒരു പെണ്ണിനെ പ്രണയപൂർവ്വം തന്നെയാണു നായകൻ സ്വീകരിക്കുന്ന്ത്‌! ഒരുതരത്തിൽ പറഞ്ഞാൽ പത്മരാജൻ സിനിമയെടുതത്‌ തന്നെ സ്ത്രീ കഥാപത്രങ്ങളെ ചിത്രീകരിക്കണാണെന്ന് തോന്നിപ്പോവും. അല്ലെങ്കിൽത്തന്നെ ക്ലാരയെപ്പോലുള്ള ഒരു സ്ത്രീ കഥാപാത്രത്തിനെ മലയാളസിനിമയിൽത്തന്നെ വേറെ എവിടെ കാണാൻ കഴിയും! എന്നാല്‍ ബ്ലെസ്സിയുടെ സ്ത്രീകളെല്ലാംസമൂഹത്തിൽനിന്നകന്ന് 'പതിവ്രതകളായി' നിലകൊള്ളുന്നു! സ്ത്രീ ഒരു ശരീരം (moreover a commodity) മാത്രമാണെന്ന കാഴ്ച്ചപ്പാടു തന്നെയാണ് ഇത് വെളിവാക്കുന്നത് .


അവസാന സിനിമയായ ഭ്രമരം നോക്കുക. സിനിമകണ്ടിറങ്ങി നായികയെപ്പറ്റി ചോദിച്ചാൽ അവളുടെ ശരീരത്തെപ്പറ്റിയല്ലാതെ ഒന്നും പറയാനുണ്ടാവില്ല. ഇത്രയും അപ്രധാനമായി അവതരിപ്പിക്കാനെങ്കിൽ എന്തിനു അന്യഭാഷാ നടിയെ അഭിനയിപ്പിച്ചു എന്ന് തോന്നിപ്പോവും അത്‌ കണ്ടാൽ. പിന്നെയും മെച്ചപ്പെട്ട അഭിനയം കാഴ്ചവക്കുന്നത്‌ ഉണ്ണിയുടെ ഭാര്യയായി അഭിനയിക്കുന്ന ലക്ഷ്മിഗോപാലസ്വാമിയാണ് . അവളും പക്ഷെ ഒരു വീട്ടമ്മ മാത്രം. ബ്ലെസ്സി സിനിമകളിൽ കാണുന്ന മറ്റൊരുസവിശേഷത എന്തെന്നാൽ സിനിമ വികസിച്ച്‌ വരുമ്പോള്‍ നായകനിലും വികാസം സംഭവിക്കുന്നു. എല്ലാ ക്യാമറകളും നായകനിൽ ഫോക്കസ്സ്ഡ്‌ ആവുന്നു. എന്നാൻ നായിക ഒരേനിലയിൽത്തന്നെ തുടരുന്നു. നായകനു മോറൽ സപ്പോർട്ട്‌ കൊടുക്കുക എന്ന വൈകാരിക ധർമ്മം നിവ്വഹിച്ചുകൊന്ടേയിരിക്കുന്നു. പോതുസമുഹം പോകട്ടെ, അന്ന്യ പുരുഷന്മരോടുള്ള സംസാരംപോലും ഈ നായികമാർക്ക്‌ വിലക്കപ്പെട്ടിരിക്കുന്നു!


ഇതൊന്നും മനപ്പൂർവ്വമല്ലായിരിക്കാം പക്ഷെ കാമ്പുണ്ട്‌ എന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്ന ഒരു സംവിധായകൻ ഇത്‌ ശ്രദ്ധിച്ചേ മതിയാവൂ. ശവത്തിനുനേരെ വധശ്രമം നടത്താറില്ല എന്ന് ചുള്ളിക്കാട്‌ പറഞ്ഞത്‌ ഓർക്കുന്നു. അല്ലെങ്കിൽപ്പിന്നെ ഷാജികൈലാസിന്റെ സിനിമയിലെ സവർണ്ണ ഹൈന്ദവതയോ വിനയന്റെ വികലാംഗത്വമോ താര സിനിമകളിലെ ബിംബവൽക്കരണമോ വെറുതെ ചർച്ചിച്ച്‌ സമയം കളയാമായിരുന്നു! ബ്ലെസ്സി എന്ന സംവിധായകൻ അവരെപ്പോലെയല്ല എന്ന തോന്നലാണു ഈ പ്രതികരണതിനു കാരണം.